എര്‍ത്തിങ്ങ്‌

1991 ജൂലായ്‌ മാസത്തിലായിരുന്നു കമ്പ്യൂട്ടര്‍ പഠനത്തിനായി തൃശ്ശൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍‍ 10 മാസത്തെ കോഴ്സിന്‌ ഞാന്‍ ചേരുന്നത്‌.

കമ്പ്യൂട്ടര്‍ ഭാഷ എന്നു വച്ചാല്‍ അത് ഏതോ ജെര്‍മ്മനോ വിയറ്റനാമീസോ പോലുള്ള, കമ്പ്യൂട്ടറിന് മനസ്സിലാവണ ഒരു തരം പ്രത്യേക ഭാഷയാണെന്നും അത് പഠിക്കണമെങ്കില്‍ എക്സ്ട്രാ ഓര്‍ഡിനറി ബുദ്ധിസാമര്‍ത്ഥ്യം ജന്മനാ കിട്ടുകയോ സമൂഹത്തില്‍ നിന്നാര്‍ജ്ജിക്കുകയോ വേണമെന്ന ഒരു ധാരണയും പരക്കേ നിലനിന്നിരുന്ന അക്കാലത്ത്‌, പാരലല്‍ കോളേജിലാണെങ്കിലും ബി-കോമിനു പുറമേ കമ്പ്യൂട്ടറും കൂടി പഠിക്കുന്നതുകൊണ്ട്‌ ബന്ധുജനങ്ങളുടെ ഇടയില്‍ ഞാനൊരു ഭയങ്കര സംഭവമായി ചിത്രീകരിക്കപ്പെട്ടു. Read the rest of this entry »

Scridb filter

മഴവില്‍ക്കാവടി

ആനന്ദപുരത്തെ എന്റെ അച്ചാച്ഛനും അമ്മാമ്മക്കും വയസ്സ്‌ എണ്‍പത്‌ പിന്നിട്ടതിന്‌ ശേഷം സ്വതവേ ഞാനങ്ങിനെ ആനന്ദപുരത്ത്‌ രാത്രി തങ്ങാറില്ല. വേറെ ഒന്നും കൊണ്ടല്ല. ഈ പാതിരാത്രി മരണ അറിയിപ്പും കൊണ്ട്‌ പോകല്‍ വല്യ സുഖമുള്ള ഏര്‍പ്പാടല്ലേയ്‌!

ഒരു പത്തുപതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു ഒരു സന്ധ്യാനേരം. Read the rest of this entry »

Scridb filter
Posted in Kodakara Puranam. Comments Off

രക്ഷക

എന്റെ അയല്വാസിയും ബാല്യകാലസുഹൃത്തുമായ സുധിയുടെ പാപ്പി അമ്മാമ്മക്ക് എഴുപതിനടുത്തെത്തിയതോടെ ചിന്നന്റെ അസുഖം പിടിപെട്ടു.

അച്ചാച്ഛന്റെ അകാലനിര്യാണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് മുക്തയാവാത്തതിനാലും അച്ഛാനെ കുഴിമാടത്തിലായാലും ഒറ്റക്ക്‌ വിട്ട്‌ പോരാന്‍ വിശ്വാസമില്ലാത്തതിനാലും, പൊതുവെ പാപ്പി അമ്മാമ്മ മറ്റുള്ള മക്കളുടെ വീടുകളില്‍ വിസിറ്റിങ്ങ്‌ കുറവായിരുന്നു.

എങ്കിലും സുധിയുടെ അമ്മ രത്നാവതി ചേച്ചിയുടെയും അച്ഛന്‍ ഭാസ്കരേട്ടന്റെയും സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ പ്രസാദിച്ചും, കൊടകര മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട്‌ തവണ (ഞായറും ബുധനും) പോര്‍ക്കിനെ വെട്ടുമെന്നതിനാലും ഇടക്കിടെ പാപ്പി അമ്മാമ്മ കൊടകരയില്‍ വന്നു പാര്‍ത്തു.

എന്തൊക്കെ അസുഖങ്ങളുണ്ടായാലും ഭക്ഷണ കാര്യത്തില്‍ അതീവ ശുഷ്കാന്തിയുണ്ടായിരുന്നതിനാല്‍ തികഞ്ഞ ആരോഗ്യവതിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി ചൂല്‍ ഉണ്ടാക്കലായിരുന്നു. അമ്മാമ്മ എവിടെ പോയാലും ഈര്‍ക്കിളി ഉഴിയുന്ന ഒരു ചെറിയ ഒരു പെനാകത്തിയും കൊണ്ടാണ്‌ പോവുക. അതും വച്ച്‌ മുറ്റത്ത് കാലും നീട്ടി വച്ച് മാവും തണലില്‍ ഇരുന്ന് ഫുള്‍ ടൈം ചൂലുണ്ടാക്കിക്കൊണ്ടിരിക്കും.

കാലത്ത്‌ എണീറ്റാല്‍ ചായ കുടി കഴിഞ്ഞാല്‍ മുതല്‍ തുടങ്ങും. ഉച്ചക്ക്‌ ചോറുണ്ട്‌ കഷ്ടി ഒരു മണിക്കൂര്‍ ഒന്ന് കണ്ണടക്കും. അത്‌ കഴിഞ്ഞാല്‍ വീണ്ടും ഈ ഉഴിച്ചല്‍ തന്നെ ഉഴിച്ചില്‍. റോ മെറ്റീരിയലായ പച്ച പ്പട്ടയും ചൂല്‍ കെട്ടാനുള്ള വാഴ വള്ളിയും സമയാ‍സമയം എത്തിച്ചു കൊടുത്താല്‍ മാത്രം മതി.

അങ്ങിനെ അമ്മാമ്മയുടെ ഒരു മാസത്തെ പാര്‍ക്കല്‍ കഴിഞ്ഞ്‌ പോകുമ്പോഴേക്കും, സുധിയുടെ വീട്ടില്‍ ഒരു കണ്ടയ്നര്‍ ചൂല്‍, അല്ലെങ്കില്‍ ഒരു അഞ്ചുപത്ത്‌ കൊല്ലത്തേക്കുള്ള ചൂല്‍ സ്റ്റോക്ക് ഉണ്ടായിട്ടുണ്ടാകും!

ചിന്നന്റെ അസുഖം വരുന്നതിന്‌ മുന്‍പ്‌ പാപ്പി അമ്മാമ്മ വരുമ്പോള്‍ ആ ഭാഗത്തെ മൂന്ന് വീടുകളിലേക്കായി ഒരു പ്ലാസ്റ്റിക്ക്‌ കൊട്ടയില്‍ അച്ചപ്പവും നെയ്യപ്പവും കൊണ്ടുവന്നിരുന്നതിനാല്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ അമ്മാമ്മയെ കണ്ടാല്‍ ഞങ്ങള്‍ക്ക്‌ തോന്നിയിരുന്ന സന്തോഷത്തിന്‌ അതിരില്ലായിരുന്നു.

പക്ഷെ, ചിന്നന്‍ ഡിസീസ്‌ വന്നതിന്‌ ശേഷം അമ്മാമ്മക്ക്‌ സ്വഭാവം കീഴ്മേല്‍ മറിഞ്ഞു.

ഭൂമിയില്‍ ജീവനുള്ള ഒന്നിനെയും യാതൊരു പരിചയവുമില്ലാതായി അമ്മാമ്മക്ക്. എല്ലാ ജീവജാലങ്ങളോടും പകയും വിദ്വേഷവും ആയി. പുറമേ നിന്ന് ഒരു മനുഷ്യനേയും എന്തിന്‌ കോഴിയേയും പട്ടിയേയും പൂച്ചയേയും വരെ അവരുടെ വീടിന്റെ ഏഴയലക്കത്ത്‌ അടുപ്പിക്കുകയും ചെയ്യാറില്ലായിരുന്നു.

ഒരിക്കല്‍ ‘അമ്മാ..’ എന്ന്‌ വളരെ ശാന്തമായി വിളിച്ച ധര്‍മ്മക്കാരനെ അരിയെടുക്കാനെന്ന ഭാവേന അകത്തു പോയി, അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന്

‘നായീന്റെ മോനേ..നിന്നെയിന്ന് വെട്ടി കണ്ടം തുണ്ടമാക്കി തെങ്ങിന്റെ കടക്കിട്ട്‌ മൂടുമെടാ’ എന്ന് പറഞ്ഞ്‌ വെട്ടാനോടിച്ചതിന് ശേഷം അമ്മാമ്മ വീട്ടിലുണ്ടായാലും ഇനി വീട്ടിലില്ലെങ്കിലും വകതിരുവുള്ള ഒരു ധര്‍മ്മക്കാരനും അവരുടെ വീട്ടില്‍ അരി ചോദിച്ച് ചെന്നില്ല.

ഈ സ്വഭാവഗുണം കാരണം പൊതുവേ അമ്മാമ്മയോട്‌ മൊത്തത്തില്‍ ആര്‍ക്കും വല്യ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും, ആ അമ്മാമ്മയുടേ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ ഒരു അപകടത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ ഒരു ചരിത്രമുണ്ട്‌.

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം.

പഠിക്കുന്നു എന്നൊന്നും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. കാലത്ത്‌ എണീറ്റ്‌ ചായകുടിയും കഴിഞ്ഞ്‌ ഉമ്മറത്തെ തിണ്ണയില്‍ പുസ്തകവും പിടിച്ച്‌ റോഡിലൂടെ പോകുന്ന വണ്ടികളും കണ്ട്‌ ഇളവെയിലും കൊണ്ട്‌ കുറച്ച്‌ നേരം ഇരിക്കും. അതാണ്‌ ഹോം വര്‍ക്ക്‌.

പിന്നെ, ഒരു ഒമ്പത്‌ മണിയാവുമ്പോള്‍ കുളിച്ച്‌ വകച്ചിലിട്ട്‌ മുടി ചീകി, കുറിയും തൊട്ട്‌ പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ്‌ അധികം ‘വാഴാത്ത’ ട്രൌസറുമിട്ട്‌ E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട്‌ മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത്‌ അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച്‌ സ്കൂളില്‍ ഒരു പോക്കാണ്‌. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഒരുച്ചക്ക്‌, യാതൊരു വിധ പ്രകോപനവുമില്ലാതെ ഞാന്‍ റോഡിലൂടെ പോയിരുന്ന ഒരു ചുവന്ന കളറുള്ള ഒരു അമ്പാസിഡര്‍ കാറിനെ ഒരു ഓട്ടുമുറി എടുത്ത്‌ ഒറ്റ വീക്ക്‌ കൊടുത്തു. ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് എനിക്കിന്നും അറിയില്ല. ഉന്നം ടെസ്റ്റ് ചെയ്തതാണോ? ശബ്ദം ടെസ്റ്റ് ചെയ്തതാണോ? ഒന്നും അറിയില്ല.

കാറിന്റെ പള്ളയില്‍ നിന്ന് “പഡേ…” എന്നൊരു മുഴക്കം കേട്ട്‌ വണ്ടി സഡന്‍ ബ്രേയ്ക്കിട്ട്‌ നിറുത്തി ഇറങ്ങി പുറത്തിറങ്ങി നോക്കിയപ്പോള്‍…

‘ഡോറില്‍ കൈരളി ചാനലലിന്റെ ലോഗോ പോലൊരു അടയാളം’

പാവം. ചങ്ക്‌ തകര്‍ന്നിരിക്കും!

സംഗതി സീരിയസ്സാവും എന്ന് മനസ്സിലായതോടെ ഞാന്‍ ‘ബ്‌ ബ്‌.. ഹ്‌’ എന്നൊരു ചിരി ചിരിച്ച്‌ ഒറ്റ ഓട്ടമങ്ങ്‌ കൊടുത്തു.


വീട്ടിലേക്ക്‌ ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍…, ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു.

എന്നെ അന്വേഷിച്ച്‌ എന്റെ പിന്നാലെ ഓടി വന്ന ആ സഫാരി സ്യൂട്ടിട്ട ആ പാവം മനുഷ്യന്‍ സുധിയുടെ വീട്ടില്‍ എത്തുകയും ഉമ്മറത്തിരുന്ന് ചൂല്‍ ഉഴിയുന്ന പാപ്പി അമ്മാമ്മ എന്റെ സ്വന്തം പ്രോപ്പര്‍ട്ടിയാണെന്ന് തെട്ടിദ്ധരിക്കുകയും അടുത്ത്‌ ചെന്ന്

‘തള്ളേ… ഇങ്ങിനെയാണോ കുട്ടികളെ വളര്‍ത്തുന്നത്‌? ഇതേ പോലുള്ള കുട്ടികളെ വളര്‍ത്തിക്കൂടാ..വല്ല എലിവിഷം വാങ്ങിക്കൊടുത്ത്‌ കൊല്ലണതാ നിങ്ങള്‍ക്കും നാട്ടുകാര്‍ക്കും നല്ലത്‌. എന്റെ പുത്തന്‍ കാറിന്റെ ഡോറൊന്ന് വന്ന് നോക്ക്‌‘ എന്ന് മലയാളവും ഇംഗ്ലീഷും ചേര്‍ത്ത്‌ പറഞ്ഞു.

ചിന്നന്‍ മൂത്തിരിക്കുന്ന അമ്മാമ്മക്ക്‌ എന്ത്‌ ന്യായാന്യായം?

അമ്മാമ്മ സഫാരി സ്യൂട്ടുകാരനെ ഇരുന്ന ഇരുപ്പില്‍ രണ്ട് മിനിറ്റ് ഇമവെട്ടാതെ തുറിച്ച് നോക്കി.

പിന്നെ എല്ലാം ത്വരിതഗതിയിലായിരുന്നു. ‘എന്റോടെ വന്നെന്നെ തെറിവിളീക്കുന്നോ’ എന്നോര്‍ത്തോ എന്തോ ദേഷ്യം കയറിയ അമ്മാമ്മ മുറ്റത്ത്‌ കിടന്ന ഒരു ചകിരിക്കൂട് എടുത്ത്‌ ഒറ്റ വീക്കായിരുന്നു.

എന്നിട്ട്‌ ചൂലുഴിയുന്ന കത്തെയെടുത്ത്‌ ‘നിന്നെ ഞാനിന്ന് കൊല്ലുമെടാ നായിന്റെ മോനേ’ എന്ന് പറഞ്ഞദ്ദേഹത്തിന്റെ നേരെ ഒറ്റ കുതിക്കല്‍.

പാവം സഫാരി സ്യൂട്ടുകാരന്‍. കൊച്ചുമകനെ വിളിച്ച് ശാസിക്കുന്ന അമ്മായ പ്രതീക്ഷിച്ച അദ്ദേഹം ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

ചകിരിയേറില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് പിന്നിലേക്ക്‌ മാറുകയും, ‘അപ്പോള്‍ അത്‌ ശരി. പിടിച്ചേലും വലുതാ അളയിലിരിക്കുന്നത്‌ ല്ലേ?’ എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നോക്കി കാറില്‍ കയറി, ഫുള്‍ ആക്സിലേറ്റര്‍ കൊടുത്ത്‌ ‘ക്യാ…ങ്ങ്’ എന്നൊരു ശബ്ദത്തോടെ വണ്ടിയെടുത്തോണ്ട്‌ പോവുകയായിരുന്നു.

അന്നുമുതല്‍ എന്റെ മനസ്സില്‍ ദൈവങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പാപ്പി അമ്മാമ്മയെ കൂടി പ്രതിഷ്ഠിച്ചു.

Scridb filter

ഹോഴ്സ്‌ റേയ്സ്‌

ഉടലോടുകൂടെ ഞാന്‍ ദുബായിലെത്തിയിട്ട്‌ അന്ന് വെറും മാസങ്ങള്‍ മാത്രം.

അറബി സംസാരിക്കുന്നവരെല്ലാം അറബികളാണെന്നും അതില്‍ ഒട്ടുമുക്കാലും തന്നെ സി.ഐ.ഡി.കളാണെന്നും, അറിയാതെയാണെങ്കിലും വല്ല അറബിപെണ്ണുങ്ങളെയെങ്ങാനും നമ്മള്‍ നമ്മുടെ സ്വതസിദ്ധമായ വെട്ട്പോത്ത് സ്റ്റൈലില്‍ ഒന്ന് നോക്കിപ്പോയാല്‍, കയ്യോടെ പിടിച്ചുകൊണ്ടുപോയി നടും പുറത്ത്‌ നൂറ്റോന്നോ ഇരുന്നൂറ്റോന്നോ അടികള്‍ നമ്മുടെ അവലക്ഷണത്തിന്റെ പെര്‍സെന്റേജും അടിക്കുന്നവന്റെ കപ്പാസിറ്റിയും വച്ച്‌ തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുമെന്നെല്ലാം ഓരോരുത്തന്മാര്‍ പറയണത് കേട്ട്‌ പേടിച്ചിട്ട് മനുഷ്യന്‌ മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത കാലം.

അടി മാത്രമാണെങ്കില്‍ രസം ണ്ട്. ഓരോന്ന് കഴിയുമ്പോള്‍ മനസ്സില്‍ എണ്ണം പിടിച്ച്, ‘ഇനി ഇത്രേം കൂടിയല്ലേ ഉള്ളൂ ബാക്കി’ എന്ന് സ്വയം സമാധാനിച്ച് സഹിച്ച്‌ നിന്ന് നമ്മള്‍ കൊള്ളും. പക്ഷെ, ഇത്‌ അടിയും തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍… സഹിക്കാന്‍ പറ്റണ കാര്യമാണോ?

ഇക്കണ്ട കഷ്ടപ്പാടും കഴിച്ച് ആറ്റുനോറ്റ് ഇവിടെ വന്നിട്ട്, പെണ്ണുങ്ങളെ നോക്കിയ കാരണത്താല്‍ തിരിച്ച് നാട്ടില്‍ പോയാല്‍ വീട്ടുകാരോട്‌ എന്ത് സമാധാനം പറയും???

അക്കാലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞാനാകാശത്തേക്ക്‌ നോക്കും. നാട്ടില്‍ നിന്ന് ഞാന്‍ ‍കൊണ്ടുപോന്ന്‍ ആകാശത്തേക്ക് വിട്ട ‘ദേര്‍ ഫോര്‍’ ഷേയ്പ്പില്‍ നില്‍ക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ നോക്കി ഞാനെന്റെ പ്രിയപ്പെട്ട ആ സന്ധ്യകളെക്കുറിച്ചോര്‍ക്കും.

കൊടകരയിലെ വൈകുന്നേരങ്ങളില്‍; ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞ്‌ വന്ന് ഒരു കുളിയും കുളിച്ച്‌ ഒന്ന് ഫ്രഷായിട്ട്‌ അങ്ങാടിയിലേക്കൊരിറക്കമാണ്‌.

അവിടെ അമ്പാടിയുടെ പോസ്റ്ററിന്റെ താഴെ നിന്ന്, കോളേജ്‌ വിട്ട്‌ പോകുന്നവരെയും ജോലിക്ക്‌ പോയി മടങ്ങുന്നവരെയുമെല്ലാം കണ്ട്‌ ഒരു കിലോ കൊള്ളിക്കിഴങ്ങും, പെരിഞ്ഞനം കടപ്പുറത്തുനിന്ന് വണ്ടിയില്‍ വരുന്ന ഫ്രഷ് മീനും അതിലിടാന്‍ സായ്‌വിന്റെ കടയില്‍ നിന്ന് പച്ച മാങ്ങയും വാങ്ങി തിരിച്ചുപോകും.

അങ്ങിനെ ഒരു ഏഴഴരയാകുമ്പോള്‍ അതൊക്കെ കൂട്ടി ഹോളില്‍ ഫാനിട്ട്‌, ടി.വി.യും കണ്ട്‌ ഒന്നാമത്തെ അത്താഴം അമ്മ വിളമ്പിത്തരുന്നത്, ചൂടോടെ ഒരു പിടിയങ്ങട്‌ പിടിക്കും. ഹോ! എന്തൊരു സന്തോഷമായിരുന്നു ജീവിതം.

ഇവിടെയോ?

ജെബലലിയിലെ ലേബര്‍ ക്യാന്റീനുകളില്‍ കിട്ടുന്ന തിന്നാല്‍ അണ്ണാക്കിലെ തൊലിപോകുന്നതരം തന്തൂര്‍ റൊട്ടിയും, മോഹം കൊണ്ടെങ്ങാന്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ എത്ര കണ്ട്രോല്‍ ചെയ്ത്‌ ഏത്‌ പൊസിഷനില്‍ കിടന്നാലും പുലര്‍ച്ചെ മൂന്നര-നാലാവുമ്പോഴേക്കും എണീക്കേണ്ടിവരുന്ന, മട്ടന്‍ കുറുമയും ചിക്കന്‍ മസാലയും കഴിച്ചുള്ള അറുബോറന്‍ ആരോരുമില്ലാത്ത ഒരു ജീവിതം.

സിനിമാപാട്ട്‌ കയറ്റാത്ത കല്യാണക്കാസറ്റുപോലെയോടിയിരുന്ന എന്റെ ജീവിതത്തില്‍ അന്ന്‌ ആ വ്യാഴാഴ്ച വല്ലാത്തൊരു സന്തോഷത്തിന്റെ ദിവസമായിരുന്നു. ഞാന്‍ വര്‍ഷങ്ങളോളമായി മനസ്സില്‍ താലോലിച്ച്‌ കൊണ്ട്‌ നടന്ന രണ്ട്‌ സ്വപ്നങ്ങള്‍ ഒരുമിച്ച്‌ നടന്ന ദിവസം.

ബെന്‍സില്‍ കയറുക എന്ന എന്റെ ഒന്നാമത്തെ ആഗ്രഹത്തിന്‌ ഒരു പത്തുപതിനഞ്ച്‌ കൊല്ലത്തെ പഴക്കമുണ്ടായിരുന്നു. ‘ബെന്‍സ്‌ വാസു’ വില്‍ ജയന്‍ ഒരു ബെന്‍സില്‍ വന്നിറങ്ങി ഒരു പെട്ടിക്കടയില്‍ നിന്ന് സോഡ വാങ്ങി കുടിക്കുന്നത്‌ കണ്ടത്‌ മുതല്‍ക്കേ തുടങ്ങിയ ആഗ്രഹം.

നല്ല കറുത്ത നിറമുള്ള മെര്‍സിഡസായിരുന്നു എന്റെ ഡയറക്റ്ററുടെ. ഒരു പൊളപൊളപ്പന്‍ കാര്‍. അതിലെ കറുത്ത ലെതര്‍ സീറ്റില്‍ വെളുത്ത സുന്ദരനായ അദ്ദേഹമിരിക്കുമ്പോള്‍ ഞാന്‍ പലതവണ പറയാന്‍ ആഗ്രഹിച്ചതാണ്‌,

“എന്നെയിരുത്തി.. ഒരു റൌണ്ട്‌!”

പക്ഷെ, എങ്ങിനെ പറയും? നമ്മള്‍ നാട്ടില്‍ വലിയ തറവാടികള്‍ ആണെന്ന സൂചന കൊടുക്കാനായി, എന്റെ വകേലൊരമ്മാവന്‌ മെര്‍സിഡസുണ്ട്‌ എന്ന് ഞാന്‍ വച്ച് കാച്ചിയില്ലേ? (വകേലെ ഞാനുദ്ദേശിച്ച ആ അമ്മാവന്‍, ജില്ലയില്‍ ആകെപ്പാടെ ബെന്‍സ്‌ സ്വന്തമായുണ്ടായിരുന്ന, കേട്ടറിവ്‌ മാത്രമുള്ള ശ്രീ. കാട്ടിക്കുളം ഭരതന്‍ എന്ന ആളായിരുന്നു)

അങ്ങിനെ എന്നെ ഇങ്ങോട്ട്‌ വന്ന് ക്ഷണിക്കും വരെ ഞാനാ ലിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു.

അങ്ങിനെയിരിക്കേയാണ്‌ ബോസ്‌ പറയുന്നത്‌.

‘ദുബായ്‌ നാദ്‌ അല്‍ ഷിബയില്‍ ഹോഴ്സ്‌ റേയ്സ്‌ നടക്കുന്നുണ്ട്‌. താല്‍പര്യമുണ്ടെങ്കില്‍ നീ ഇന്ന് എന്റെ കൂടെ പോന്നോളൂ’

എന്റെ കൊരട്ടി മുത്തീ! എനിക്ക്‌ എന്റെ കാതുകളെയും ആളുടെ വായിനെയും വിശ്വസിക്കാന്‍ പറ്റിയില്ല!

രണ്ട്‌ മഹാസ്വപ്നങ്ങള്‍ ഒറ്റ അടിക്ക്‌!!

ഇന്റര്‍ലോക്കിട്ട കാര്‍പോര്‍ച്ചില്‍ മുട്ടുകുത്തി നിന്ന് രണ്ട്‌ മിനിറ്റ്‌ ‘നന്മനിറഞ്ഞ മറിയമേ സുസ്തി. കര്‍ത്താവങ്ങയുടെ സ്ത്രീകളില്‍ അങ്ങ അനുഗ്രഹിക്കപ്പെട്ടവളാകുന്നു..‘ എന്ന് ഇപ്പോ പ്രാര്‍ത്ഥിക്കാണോ അതോ പിന്നീട് മതിയോ എന്ന് ശങ്കിച്ച് ഞാന്‍ കുറച്ച് നേരം നിന്നു.

അങ്ങിനെ ബോസും ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ അജിത്തും കാറില്‍ കയറി.

കാറില്‍ കയറിയ ഞാന്‍, ഇരുന്ന വശം തന്നെ സീറ്റൊന്നു മുന്നോട്ടും പിറകോട്ടും അഡ്ജസ്റ്റ്‌ ചെയ്തു. ചുമ്മാ…

നാട്ടില്‍ ട്രിപ്പടിക്കുന്ന ടെമ്പോയില്‍ വളഞ്ഞൊടിഞ്ഞ്‌ നിന്ന് കൊടകര നിന്ന് തൃശ്ശൂര്‍ക്കും, തമിഴന്‍ ലോറിയില്‍ ചൂടുള്ള ബോണറ്റിന്റെ സൈഡിലിരുന്ന് പാതിരാത്രിക്ക്‌ സെക്കന്റ്ഷോക്ക്‌ പോയി ചാലക്കുടിയില്‍ നിന്ന് കൊടകരക്കും വളരെ കംഫര്‍ട്ടബളായി യാത്ര ചെയ്യാറുള്ള ഞാന്‍ ബെന്‍സ്‌ കാറിന്റെ സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്യുന്നു!!!

ബോസിന്‌ എന്നെ ഒറ്റക്ക്‌ കിട്ടിയാല്‍ ചില നാട്ടുവിശേഷങ്ങള്‍ ചോദിക്കണ ദുശ്ശീലമുണ്ട്‌. ഒരിക്കല്‍ അച്ഛന്റെ ജോലിയെപ്പറ്റി ചോദിച്ചപ്പോള്‍ മൂന്നര പറ എന്നുള്ളത്‌ ഒന്ന് ബഹിഷ്കരിച്ച്‌ മൂന്നര ഹെക്റ്റര്‍ പാടമുള്ള ഒരു കര്‍ഷകനാണ്‌ എന്ന് പറഞ്ഞതിന്റെ പരിണിത ഫലമായി,

‘അപ്പോള്‍ വിളവെടുപ്പ്‌ സീസണില്‍ എത്ര ജോലിക്കാര്‍ വേണ്ടി വരും?’ എന്ന ചോദ്യം ചോദിക്കുകയും അതിനു മറുപടി പറയാന്‍ പോയ ഞാന്‍, നടുക്കടിലില്‍ വച്ച്‌ ഡീസല്‍ തീര്‍ന്നുപോയ ഫിഷിങ്ങ്‌ ബോട്ടിന്റെ പോലെയായി മാറുകയും ചെയ്തതിന്‌ ശേഷം, ഞാന്‍ ഇമേജുണ്ടാക്കാന്‍ ഇല്ലാത്തത്‌ പറച്ചല്‌ പൊതുവെ ഒന്ന് കണ്ട്രോള്‍ ചെയ്തിരുന്നു.

അന്ന് അജിത്തും കൂടെയുണ്ടായിരുന്നതുകൊണ്ടാണോ എന്തോ… അന്ന് അധികം ചോദ്യശരങ്ങളെ നേരിടേണ്ടി വന്നില്ല.

അങ്ങിനെ ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ റേയ്സ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. “റേയ്സ്‌ കഴിയുമ്പോള്‍ നിങ്ങള്‍ ഇവിടെ നിന്നുകൊള്‍ക” എന്ന് പറഞ്ഞദ്ദേഹം ആളുടെ സുഹൃത്തുക്കളുടെയടുത്തേക്ക്‌ പോയി.

ലൈന്‍ ബസ്‌ പിടിച്ച്‌ ഊട്ടിക്ക്‌ പോയപോലെ, അവിടെയെത്തിയപ്പോള്‍ “ഏത്‌ ഭാഗത്തേക്ക്‌ പോകും?” എന്നൊരു കണ്‍ഫൂഷന്‍ ഞങ്ങള്‍ക്കുണ്ടായി.

ഞാന്‍ നോക്കുമ്പോള്‍ അതിഭയങ്കരമായ കൂക്കിവിളിയും കയ്യടിയും കേള്‍ക്കുന്നുണ്ട്‌. പക്ഷെ, ഒന്നും കാണാന്‍ വയ്യ.

‘കുതിരകള്‍ പൊരിഞ്ഞ ഓട്ടം ഓടുന്നുണ്ട്‘ എന്ന ഭാവേനെ അജിത്തെന്നെ നോക്കി തലയാട്ടി.

‘കമ്പിവേലിക്കടുത്ത്‌ തിക്കുണ്ടാക്കി കുത്തിക്കേറാം‍‘ എന്ന് തീരുമാനിച്ചതും തീരുമാനം പുനപരിശോധിച്ച്‌ മാറ്റിയതും വളരെ പെട്ടെന്നായിരുന്നു. കാരണം അവിടെ നിന്നിരുന്നത്‌ മുഴുവനും തടിയും വണ്ണവും ഒത്തിണങ്ങിയ നല്ല ഓറിജിനല്‍ പാക്കിസ്ഥാനികളായിരുന്നു. അവന്മാരുടെ ഇടയില്‍ തിക്കുണ്ടാക്കി കയറുന്നത്‌, തൃശ്ശൂര്‍ ജോസില്‍ ലൈനില്‍ തിക്കുണ്ടാക്കുന്ന പോലെയല്ല. ഇവന്മാരുടെ ഇടയില്‍ തിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ പണ്ട്‌ ആനയെക്കെട്ടിപ്പിടിച്ച്‌ അരൂത്ത് കിടന്നുറങ്ങിയ പാപ്പാന്റെ ഗതിയാവും!

അങ്ങിനെ ഞങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ച്‌ ആളുകള്‍ കുറവുള്ള ഭാഗത്തേക്ക് പോകാം എന്നൊരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തുകയും അങ്ങിനെയൊരു ഭാഗം നോക്കി ഒരു വശത്തേക്ക്‌ നടക്കുകയും ചെയ്തു.

കുറച്ച്‌ നടന്നപ്പോള്‍ യാതോരു ശല്യവുമില്ലാതെ സുഖമായി റേയ്സ്‌ കാണാവുന്ന ഒരു ഏരിയയില്‍ ഞങ്ങള്‍ എത്തി.

അവിടെ നിന്നപ്പോള്‍ കുതിരകളോടുന്ന ട്രാക്ക്‌ വളരെ ഭംഗിയായി കാണാം.

ഇവിടെ ഇത്രയും നല്ല സൌകര്യത്തിന് സ്ഥലമുണ്ടായിട്ടും അവിടെ തിക്കും തിരക്കുമുണ്ടാക്കി ഞെങ്ങി ഞെരിഞ്ഞ്‌ കാണുന്നവരെ ‘പൊട്ടന്മാര്‍‘ എന്ന് തന്നെ വിളിക്കണം. ഞങ്ങള്‍ പറഞ്ഞു.

ഞങ്ങളങ്ങിനെ അക്ഷമരായി കുതിരകളെക്കാത്തുനില്‍ക്കുമ്പോള്‍ കുതിരകള്‍ ഓരോന്നായി വന്നു.

ഹോ! എന്തൊരു പ്രതാപശാലികളായ കുതിരകള്‍! മയ്യഴിയിലെ ലെസ്ലീസായ്‌വിന്റെ കുതിരകളേക്കാള്‍ തലയെടുപ്പുള്ള കുതിരകള്‍!

കയറിയിരുന്നാല്‍ നടുവളഞ്ഞ്‌ പോകുന്ന മൂരിക്കുട്ടികളുടെ ഉയരമുള്ള കൊടൈക്കനാലിലെ കുതിരയെ പ്രതീക്ഷിച്ച ഞങ്ങള്‍ ജിറാഫിന്റെ ഉയരമുള്ള കുതിരകളെ ഭീഭല്‍സം മുഖത്താവാഹിച്ച്‌ നോക്കി.

‘ഏത്‌ കുതിര ജയിച്ചാലും തോറ്റാലും നമുക്കിപ്പോള്‍ എന്താ ?’ എന്ന ഭാവത്തില്‍ നിന്നിരുന്ന എന്റെ ചെകിട് കാറിച്ചുകൊണ്ട്, അജിത്ത്, വായില്‍ വിരല്‍ മടക്കി വച്ച്‌ രണ്ട്‌ വിസില്‍ അടിച്ചു. എന്നിട്ടെന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരുകണ്ണടച്ച് കാണിച്ചു. തുടര്‍ന്ന് പൊരിഞ്ഞ കയ്യടിയും ആരംഭിച്ചു.

പക്ഷെ, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. സിനിമയില്‍ കാണ്ടപ്പോഴും ടീവിയില്‍ കണ്ടപ്പോഴും ശരവേഗതയില്‍ പറ പറന്ന് പോകുന്ന കുതിരകള്‍ക്ക്‌ എന്തൊ നേരിട്ട് കാണുമ്പോള്‍ ഇപ്പറയത്തക്ക സ്പീഡൊന്നുമില്ല.

എന്താ അജിത്തേ ഇങ്ങിനെ?

എന്ന മൂന്നുമാസം പ്രായമായ ഒരു ഗള്‍ഫുകാരന്റെ ചൊദ്യത്തിന് ഒരു വര്‍ഷം പ്രായമായ ഗള്‍ഫുകാരന്‍ ഇങ്ങിനെ മറുപടി പറഞ്ഞു.

“ഇത്രയൊക്കെ സ്പീഡുണ്ടാവുകയുള്ളൂ… സിനിമയില്‍ കാണുന്നത് കൂട്ടണ്ട.!“

‘നമ്മുടെ കയ്യടിയുടെ കുറവില്‍ ഒരു കുതിരയും തോല്‍ക്കരുത്!‘ എന്ന ശുഷ്കാന്തിയില്‍ ഇടക്ക് വച്ച് ഊരിയ വാച്ചിന്റെ സ്ട്രാപ്പ്‌ വീണ്ടും അമര്‍ത്തി ശരിയാക്കി അജിത്ത് പൂര്‍‌വാധികം ശക്തമാ‍യി കയ്യടി തുടരുമ്പോള്‍…, ഞങ്ങളൊരു ഹൃദയഭേദകമായ കാഴ്ച കണ്ടു.

ഓടി വന്ന കുതിരകളെല്ലാം കുറച്ച്‌ ദൂരം കൂടി ഓടി വല്ലാതങ്ങ്‌ സ്പീഡ്‌ കുറച്ച്‌ ഒരിടത്ത്‌ പോയി അങ്ങ് നിന്നു. എന്നിട്ട്‌ പതുക്കെ പതുക്കെ തിരിച്ചു നടന്നുവന്നു!!

തിരക്കുകുറവിന്റെയും സ്പീഡ് കുറവിന്റെയും കാരണം അപ്പോ അതായിരുന്നു!

ഫിനിഷിങ്ങ് പോയിന്റും കഴിഞ്ഞ് വീണ്ടും ഓടാന്‍ കുതിരയാര്…. പഞ്ചായത്ത് മേളക്ക് 1500 മീറ്റര്‍ ഓടിയപ്പോള്‍ ഓടിയോടി റൌണ്ടിന്റെ എണ്ണം തെറ്റി ഫിനിഷിങ്ങ് പോയിന്റ് കഴിഞ്ഞും മരണ ഓട്ടം ഓടിയ മാക്കശേരി മധുവോ??

Scridb filter

കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.

സാധാരണക്കാരില്‍ സാധാരണക്കാരണായ ലോനപ്പേട്ടന്റെ അതിലും സാധാരണക്കാരനായ മോന്‍, കുഞ്ഞാട്‌ എന്നറിയപ്പെടുന്ന ഷൈജന്‍, ലൊക്കാലിറ്റിയില്‍ ഫേയ്മസായത്‌ വെറും ഒരേയൊരു ദിവസം കൊണ്ടായിരുന്നു!

ഒരു ദിവസം ഒരു പകല്‍ പത്തര മണിക്ക്‌ ഒരു കരിക്കിടാന്‍ അടുക്കള ഭാഗത്തുനില്‍ക്കുന്ന ഗൗളിത്തെങ്ങിലൊന്ന് കയറി. അതോടെ ആള്‌ ഫേയ്മസായി.

വെറുതെ ഫേയമസാവുക മാത്രമല്ല, പിന്നീട്‌ ആ പ്രദേശത്ത്‌ ഏത്‌ വീട്ടില്‍ ആര്‌ തെങ്ങില്‍ കയറിയാലും

‘ദേ തെങ്ങേല്‍ കയറുന്നതൊക്കെ കൊള്ളാം. പക്ഷെ, കുഞ്ഞാട്‌ കയറിയോണമാവരുത്‌ ട്ടാ!’ എന്നൊരു പ്രയോഗം വരെ നിലവില്‍ വന്നു.

കുഞ്ഞാട്‌ പ്രീഡിഗ്രി വീണ്ടും തോറ്റ്‌, അളിയന്റെ ലെയ്ത്ത്‌ വര്‍ഷോപ്പില്‍ നില്‍ക്കാന്‍ ബോംബെയ്ക്ക്‌ പോണോ? അതോ ഗുജറാത്തില്‍ എളേപ്പന്റെ ടയര്‍ റിസോളിങ്ങ്‌ കടയിലേക്ക്‌ പോണോ? അതുമല്ലെങ്കില്‍ ഇനി അച്ചന്റെ (അങ്കിള്‍) കൂടെ ആധാരം എഴുത്ത്‌ പഠിക്കാന്‍ പോണോ? എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ കഴിയുന്ന കാലം.

അതുപിന്നെ, ബോംബെക്ക്‌ പോയാല്‍ അളിയന്‍ ചവിട്ടിക്കൊല്ലും. ഗുജറാത്തില്‍ പോയാല്‍ എളേപ്പന്‍ ജാക്കിലിവറിനടിച്ച്‌ കൊല്ലും. ആധാരം എഴുത്ത്‌ പഠിക്കാന്‍ പോയാല്‍ അച്ചന്‍ നിരപ്പലകയുടെ കമ്പികൊണ്ടടിച്ച്‌ കൊല്ലും.

പാവം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചോയ്സുകള്‍ ആര്‍ക്കും പ്രയാസമല്ലേ?

അതുകൊണ്ട്‌ കുഞ്ഞാട്‌, ‘തല്‍ക്കാലം ഒരു മറ്റോടത്തേക്കും ഞാന്‍ ഇപ്പോ പോണില്ല’ എന്ന ഒരു ടെമ്പററി തീരുമാനത്തില്‍ വീട്ടിലെ നെല്ല് കുത്തിക്കലും മുളക്‌ പൊടിപ്പിച്ച്‌ കൊണ്ടുവരലും പശുക്കറവും കരണ്ട്‌ ബില്ലടയും വെള്ളം തിരിയും ബാക്കി വരുന്ന ടൈമില്‍ തൃശ്ശൂര്‍ ഗിരിജയില്‍ നൂണ്‍ഷോയും ചിലങ്കയില്‍ സെക്കന്റിനും പോയി ഉത്തരവാദിത്വബോധം വക്കാന്‍ കലുങ്കില്‍ ചെന്നിരുന്ന് സിസര്‍ ഫില്‍ട്ടറും വലിച്ച്‌ ഒതുങ്ങി ജീവിച്ചു.

അക്കാലത്ത്‌ ലോനപ്പേട്ടന്റെ അപ്പന്‍ ഏറെക്കുറെ സ്വര്‍ഗ്ഗാരോഹണത്തിന്‌ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡയറ്റ്‌ ഫുള്‍ കണ്ട്രോള്‍ ചെയ്ത്‌ കരിക്കും വെള്ളവും, കഞ്ഞിവെള്ളവും ചോറും കൂട്ടിയരച്ച മിശ്രിതം ഓരോ ഇറക്ക്‌ മാത്രം കുടിച്ച്‌, ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ്‌ കിടക്കുകയാണ്‌.

‘എടാ ഷൈജാ.. അപ്പാപ്പന്‌ ഒരു കരിക്കിട്ടേഡാ..’

എന്ന് മേരിച്ചേടത്ത്യാര്‍, ചാളക്കൂട്ടാനിലേക്ക്‌ കൊടമ്പുളി കഴുകി,‌ കപ്പിലെ വെള്ളം പുറത്തോട്ട്‌ കളയാന്‍ വന്നപ്പോള്‍ പറഞ്ഞിട്ട്‌ പത്ത്‌ മിനിറ്റ്‌ പോലും ആയില്ല. അപ്പോഴേക്കും

‘പതക്കോം…’ എന്നൊരു ചക്ക വീഴണ പോലെയൊരു സൗണ്ട്‌ കേട്ടിട്ട്‌,

കരിക്കിന്‌ ഇത്രക്കും സൗണ്ട്‌ ഉണ്ടാവില്ലല്ലോ കര്‍ത്താവേ… എന്ന് പറഞ്ഞ്‌ നോക്കിയപ്പോള്‍ എന്താ കണ്ടത്‌?

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ അല്‍പവസ്ത്രധാരിയായി തെങ്ങിന്‍ കൊരക്കലേക്ക്‌ നോക്കി തെങ്ങിന്‍ തടത്തില്‍ കിടക്കുന്നു മോന്‍ കുഞ്ഞാട്‌ പുലി!

സംഗതി ഫേയ്സ്‌ വാല്യു കുറഞ്ഞ കുഞ്ഞാടിനെ മേരിച്ചേടത്ത്യാര്‍ നാഴിക്ക്‌ നാല്‍പതുവട്ടം ചീത്ത വിളിക്കുമെങ്കിലും, ആ കെടപ്പ്‌ കണ്ടാല്‍ പെറ്റ വയര്‍ സഹിക്കുമോ?

മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി.

അയല്‍പക്കത്തൊരാള്‍ അന്ത്യകൂദാശ കഴിഞ്ഞ്‌ കിടന്നാല്‍ കട്ടില്‌ നീക്കണ ശബ്ദം കേട്ടാലും പശു കരഞ്ഞാലും ഓടിവരുന്ന കാലമാണന്ന്. മേരിച്ചേടത്ത്യാരുടെ കരച്ചില്‍ കേട്ട്‌ അടുത്തടുത്ത വീടുകളില്‍ നിന്ന് ചെറിയ കരച്ചിലുകള്‍ ഉയരുകയും ‘അപ്പാപ്പന്‍ പോയടാ…ഓടിവാടാ’ എന്നും പറഞ്ഞ്‌ അയലപക്കത്തുനിന്ന് ആളുകള്‍ ഓടി വന്നു.

ആ ടൈമിലാണ്‌, നല്ലവരില്‍ നല്ലവനും പരോപകാരപ്പറമ്പില്‍ എന്ന വിളിപ്പേരുള്ള കൊച്ചുണ്യേട്ടന്‍ അങ്ങാടിയിലേക്ക്‌ പോണത്‌.

സംഭവം, അതായത്‌ അപ്പാപ്പന്റെ കാറ്റ്‌ പോയി എന്നറിഞ്ഞ ഉടനേ… നമ്മുടെ കൊച്ചുണ്യേട്ടന്‍ അയല്‍പക്ക സ്‌നേഹത്തിന്റെ പുറത്ത്‌ കുറച്ച്‌ അഡ്വാന്‍സ്ഡ്‌ ആയി ചിന്തിച്ചു, പ്രവര്‍ത്തിച്ചു. അതോടെ ആളും ഫേയ്മസ്സായി!

കൊച്ചുണ്ണ്യേട്ടന്‍ ക്ലാരിഫിക്കേഷന്‌ നില്‍കാതെ നേരെ പള്ളീല്‍ പോയി കപ്യാരെ കണ്ട്‌ കാര്യം പറഞ്ഞ്‌ സ്വര്‍ണ്ണകുരിശും കറുത്ത കുടയും എടുക്കാന്‍ ഏര്‍പ്പാട്‌ ചെയ്തു, കൊണ്ടുവരാന്‍ ടാക്സിയും വിളിച്ച്‌ വിട്ടു.

അവിടം കൊണ്ടും ഉത്തരവാദിത്വം തീരാത്ത കൊച്ചുണ്യേട്ടന്‍ നേരെ മഞ്ച കുമാരേട്ടന്റെ വീട്ടിലേക്ക്‌ വിട്ടു.

ഈ അപ്പാപ്പന്‍ ഒരു ആറടി ഹൈറ്റാണ്‌. അവിടെ ചെന്ന് വീട്ടി ഡിസൈനില്‍ ലൈനിങ്ങ്‌ വച്ച ഒരു സ്പെഷല്‍ മഞ്ചയും ഏര്‍പ്പാട്‌ ചെയ്ത്‌ തിരിച്ച്‌ ചെന്നപ്പോഴാണ്‌, കോലറയത്തിരുന്ന് സംഭാരം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുന്ന കുഞ്ഞാടിനെയും അകത്ത്‌ യാതൊരു വിധ ഇമ്പ്രൂവ്മെന്റുമില്ലാതെ കിടക്കുന്ന അപ്പാപ്പനെയും കണ്ടത്‌. കാര്യങ്ങളുടെ കുടികെടപ്പ്‌ മനസ്സിലാക്കിയപ്പോള്‍ സംയമനം വീണ്ടെടുത്ത്‌ കൊച്ചുണ്ണ്യേട്ടന്‍

‘ഒരു കാറില്‍ ഇപ്പോ കുറച്ച്‌ സാധനങ്ങള്‍ വരും. അത്‌ മടക്കി വിട്ടേക്ക്‌. ടാക്സി ക്കാരനോട്‌ ഞാന്‍ കണക്കു പറഞ്ഞോളാം’ എന്ന് പറഞ്ഞ്‌ ആള്‍ നേരേ ആള്‍ടെ വീട്ടില്‍ പോയി.

അതിന്‌ ശേഷം കൊച്ചുണ്ണിയേട്ടന്‍ ആരോടും ഒന്നും മിണ്ടിയില്ല.

മാനക്കേടുകൊണ്ട്‌ അന്ന് കൊച്ചുണ്ണ്യേട്ടന്‍ ഒരു വറ്റ്‌ ചോര്‍ കഴിച്ചില്ല. രാത്രി ഉറക്കം വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരിക്കുന്ന കൊച്ചുണ്ണ്യേട്ടനോട്‌ ഭാര്യ സമാധാനിപ്പിച്ചുകൊണ്ട്‌

‘കഴിഞ്ഞത്‌ കഴിഞ്ഞു, സാരല്യ. ഇനി അതോര്‍ത്ത്‌ വിഷമിക്കാണ്ട് ..നിങ്ങ‍ വന്ന് കിടന്നേ’

എന്ന് പറഞ്ഞപ്പോള്‍ കണ്ട്രോള്‍ പോയ കൊച്ചുണ്യേട്ടന്‍ ആ പാവത്തിന്റെ നേരെ ചാടിക്കൊണ്ട് പറഞ്ഞു.

‘മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത ആ മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പോത്തേ?’

Scridb filter

സൈക്കിള്‍ ടൂര്‍

അഭ്യസ്ത വിദ്യരും അരോഗദൃഢഗാത്രരുമായ ഒമ്പത്‌ മാഷന്മാര്‍ക്കും സുന്ദരികളും സൗഭാഗ്യവതികളുമായ മൂന്ന് ടീച്ചര്‍മ്മാര്‍ക്കും ഒരു പണി. ഇരുപത്തിനാലു മണിക്കൂറും ‘പഠിപ്പ്‌ പഠിപ്പ്‌’ എന്ന ഒരേയൊരു ചിന്തയുമായി നടന്നിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അഭയകേന്ദ്രം.

എന്നിവ മാത്രമായിരുന്നില്ല, വിക്ടോറിയ കോളേജെന്ന ഒരു മഹാ പ്രസ്ഥാനം കോമ്പാറ കൊച്ചുണ്യേട്ടന്റെ മരുമകന്‍ വക ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഏറുമാടം പോലെ പ്രവര്‍ത്തിച്ചിരുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ എന്നതിന്‌ അടിവരയുടുന്നതായിരുന്നു, കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണാര്‍ത്ഥം കൊടകര നിന്ന് പീച്ചി ഡാമിലേക്ക്‌ അന്ന് സൈക്കിള്‍ ടൂര്‍ സംഘടിപ്പിച്ച സംഭവം!

അന്ന് ഞാന്‍ ഡിഗ്രി ആദ്യവര്‍ഷം. താറാവു മുട്ട തൊണ്ടുകളഞ്ഞ പോലുള്ള കവിള്‍ തടം. കട്ട പുരികന്‍. നനുത്ത മീശ നാരുകള്‍. എന്ത്‌ തന്നെ കഴിച്ചാലും ശരീരത്തില്‍ പിടിക്കാത്ത തരം മെല്ലിച്ച ശരീപ്രകൃതി.

സൈക്കിള്‍ ടൂര്‍ എന്ന് കേട്ടപ്പോള്‍ സൈക്കിള്‍ ചവിട്ട്‌ അറിയുന്നവരെല്ലാം, അന്ന് തന്നെ പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും, തുടര്‍ന്ന് നടന്ന രണ്ടാം വട്ട ചിന്തയില്‍ ‘നട്ടപ്പറ വെയിലും കൊണ്ട്‌ പീച്ചി വരെ പോകാന്‍ നമുക്കെന്താ പ്രാന്തോ?’ ‘പിന്നേയ്‌.. നമ്മള്‍ സൈക്കിളില്‍ പീച്ചിക്ക്‌ പോയില്ലെങ്കില്‍ സാക്ഷരതാ യജ്ഞം കൂമ്പടഞ്ഞ്‌ പോകും, തേങ്ങാക്കുല’‘ എന്നീ പിന്തിരിപ്പന്‍ ചിന്തകള്‍ ബലപ്പെടുകയും ഓരോരുത്തരായി,

‘പറ്റിയ സൈക്കിളില്ല മാഷെ… തന്നെയുമല്ല, കാലിന്റെ ജോയിന്റില്‍ രണ്ടുസായിട്ട്‌ ഒരു വേദന പോലെ. പിന്നെ, ഷോര്‍ട്ട്‌സില്ല, ഷൂവില്ല, ബനിയനില്ല, തൊപ്പിയില്ല’ പോകുകയാണെനെങ്കില്‍ അതിന്റെ അന്തസ്സിന്‌ പോണം. അല്ലാതെ, സ്റ്റാന്‍ലി പേപ്പര്‍ ഇടാന്‍ പോണ പോലെ പോകുന്നത്‌ നാണക്കേടല്ലേ?’ എന്നിങ്ങനെ ഓരോ കാരണം പറഞ്ഞ്‌ സൈഡാവുകയും ചെയ്തു.

പറഞ്ഞും പിടിച്ചും അവസാനം, ടൂറിന്‌ പോകാന്‍ ആകെ നാലും മൂന്നും ഏഴു തലേക്കല്ലന്മാരേ ഉണ്ടാകൂ എന്ന് മനസ്സിലായപ്പോഴായിരുന്നു, ജോര്‍ജ്ജ്‌ മാഷ്‌ ആ ഫ്ലാഷ്‌ ന്യൂസ്‌ പുറത്ത്‌ വിട്ടത്‌.

‘സെക്കന്‍ പിഡിസി യിലെ, ലളിതാംഭിക സൈക്കിള്‍ ടൂറിന്‌ നടുക്കമ്പിയില്ലാത്ത സ്വന്തം BSA SLR സൈക്കിള്‍ ചവിട്ടി വരുന്നതായിരിക്കും!’

ലളിതാംബിക. മിസ്‌. വിക്റ്റോറിയ. നിലവിലെ റാങ്കിങ്ങില്‍ ഏറ്റവും ടോപ്പ്‌. അഞ്ചടി 2 ഇഞ്ച്‌ ഉയരം. നല്ല വെള്ളചെമ്പകപ്പൂവിന്റെ നിറം. ചുവന്ന ചെമ്പകപ്പൂവിന്റെ ഷേയ്പ്പ്‌. 7 തിരിച്ചിട്ടപോലെയുള്ള കൂര്‍ത്ത മൂക്ക്‌. ചെമ്പന്‍ മുടി. ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.

ലളിതാംബികയുടെ കൂടെ സൈക്കിളും ചവിട്ടി വര്‍ത്താനോം പറഞ്ഞ്‌ പീച്ചി വരെ..!! ഹോ! ആത്മസായൂജ്യത്തിന്‌ ഇതില്‍ പരം എന്ത്‌ വേണം??

ന്യൂസ്‌ കേട്ട്‌ ദീപം ചായ കുടിച്ച ആമയെപ്പോലെ ആണ്‍പട
മൊത്തം ആക്റ്റീവാകുകയും, ‘ടൂറിന്‌പോകേണ്ടതില്ല’ എന്ന തങ്ങളുടെ മുന്‍ തീരുമാനം യുദ്ധകാലാടിസ്ഥാനത്തില്‍ പുനപരിശോധിക്കുകയും ‘ജോര്‍ജ്ജ്‌ മാഷും ചന്ദ്രശേഖരന്‍ മാഷും ഒരു കാര്യം പറഞ്ഞിട്ട്‌ അത്‌ കേള്‍ക്കാതിരിക്കുകയോ? ഒരിക്കലുമില്ല! കൊടകര മുതല്‍ പീച്ചി ഡാം വരെയല്ല, മലമ്പുഴ ഡാം വരെയാണെങ്കിലും പങ്കെടുക്കാനുള്ള സന്നദ്ധത ഒറ്റക്കും കൂട്ടമായും ഉണര്‍ത്തിക്കുകയും ചെയ്തു.

സംഗതി ലളിതാംബിക പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കും പോയാല്‍ കൊള്ളാമെന്ന് തോന്നി. കാരണം, ഞാന്‍ അവളെ കണ്ടാല്‍ അങ്ങിനെ നോക്കാറില്ലെങ്കിലും വര്‍ത്താനത്തിന് നില്‍ക്കാറില്ലെങ്കിലും, എന്റെ മനസ്സിന്റെ 2 ജി.ബി. ഹാര്‍ഡ് ഡിസ്ക് നിറച്ചും അവളുടെ JPG, MPG ഫയലുകളേക്കൊണ്ട് നിറഞ്ഞിരുന്നു.

പക്ഷെ, യാത്രാ സാമഗ്രിഹികള്‍ എവിടെന്ന് സംഘടിപ്പിക്കും?

സൈക്കിളുണ്ട്‌. പക്ഷെ, തൊപ്പി… ആകെ പാടത്ത്‌ മഴക്കാലത്ത്‌ വളം ചിന്നാന്‍ പോകുമ്പോള്‍ വക്കുന്ന പച്ച കളറിലുള്ള പ്ലാസ്റ്റിക്ക്‌ തൊപ്പിയേ ഉള്ളൂ. പിന്നെ, ക്യാന്‍വാസിന്റെയും ട്രൗസറിന്റെയും ഒന്നും കാര്യം ആലോചിക്കാനേ കൊള്ളില്ലായിരുന്നു. എവിടന്ന്?

പോകുന്നില്ല എന്ന് പറഞ്ഞ്‌ ബലം പിടിച്ച്‌ പിന്തിരിപ്പനായി നിന്ന ഞാന്‍ അവസാനം പോകാന്‍ തീരുമാനമെടുത്തതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം പള്ളന്‍ സന്തോഷിന്റെ പുഷിങ്ങിന്‌ തന്നെയായിരുന്നു.

അങ്ങിനെ ഞാനും പീച്ചിയിലേക്ക്‌ പോകാന്‍ മാനസികവും ശാരീരികവുമായി തീരുമാനിച്ചു.

ബ്രൂക്ക്‌ ബോണ്ട്‌ ചായയുടെ പഴയ ഒരു ബനിയന്‍, പ്രത്യേകം ചോദിച്ച്‌ വാങ്ങിയ റീഗല്‍ തുള്ളിനീലത്തില്‍ മുക്കിവച്ച് അത്യാവശ്യത്തിന്‌ വെളുപ്പിച്ചു. ഷൂവൊന്നും കിട്ടിയില്ല. പകരം പാരഗണ്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു. പെട്രോള്‍ പമ്പിലെ ജോഷിയുടെ HP യുടെ ലോഗോയോടുകൂടിയ ക്യാപ്പും സംഘടിപ്പിച്ചു.

അങ്ങിനെ ഞങ്ങള്‍ പത്തുമുപ്പതെണ്ണം, അതിരപ്പിള്ളിക്ക്‌ ടൂര്‍ വന്ന തമഴിന്മാരുടെ പോലെ വിക്റ്റോറിയയുടെ അങ്കണത്തില്‍ അണിനിരന്നപ്പോഴാണ്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ വെളുത്ത്‌ തുടുത്ത ഒരുത്തന്‍, സ്പോഞ്ചൊട്ടിട്ട വളഞ്ഞ ഹാന്റിലുള്ള, ഗിയര്‍ ഒക്കെയുള്ള ഒരു അത്യാധുനിക സൈക്കിളുമായി രംഗത്തിറങ്ങുന്നത്‌.

വിക്ടോറിയയിലെ പ്രിന്‍സിപ്പാളിന്റെ പെങ്ങളുടെ മകന്‍. സിങ്കപ്പൂരില്‍ പഠിക്കുന്ന ടോണി. അടിതൊട്ട്‌ മുടിയോളം തനി സൈക്ക്ലിങ്ങ്‌ താരം.

കൊടിച്ചിപ്പട്ടികളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അല്‍സേഷന്‍ പട്ടിയെപ്പോലെ, നാടന്‍ കോഴികളുടെ ഇടയില്‍ നില്‍ക്കുന്ന വൈറ്റ്‌ലഗോണ്‍ പൂവനെപ്പോലെ…. ടോണി നിന്നു.

എല്ലാ കണ്ണുകളും ടോണിയില്‍.

സൈക്കിള്‍ ടൂറിന്റെ സകല താല്‍പര്യവും ഞങ്ങള്‍ നാടന്മാര്‍ക്ക്‌ ആ ഒറ്റ സംഭവത്തില്‍ തീര്‍ന്നു.

സൈക്കിള്‍ ടൂര്‍ ആരംഭിച്ചു. ഒരു കൈ വിട്ട് ചവിട്ടി. രണ്ടു കൈ വിട്ട്‌ ചവിട്ടി. കാരിയറില്‍ ഇരുന്ന് ചവിട്ടി. അങ്ങിനെ ലളിതാംബികയെ ടാര്‍ഗറ്റ് ചെയ്ത് അല്ലറ ചില്ലറ നമ്പറുകള്‍ പലരും കാണിച്ചു. സൈക്കിള്‍ കൈ വിട്ട് ചവിട്ടിയിട്ട് കനാലില്‍‍ പോയി വീണതിന്റെ ഓര്‍മ്മ വന്നതിനാല്‍ ഞാന്‍ ആ അഭ്യാസങ്ങള്‍ വേണ്ട എന്ന് വച്ചു. പകരം ഇടംകണ്ണിട്ട്‌ ലളിതാംബിക, ടോണിയെ നോക്കുന്നുണ്ടോ എന്ന് ഇടക്കിടെ നോക്കി. നോക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.

ആദ്യമാദ്യമൊക്കെ നല്ല മൂച്ചില്‍ സൈക്കിളുകള്‍ നീങ്ങി. മണ്ണുത്തി ബൈപ്പാസെത്തിയപ്പോഴേക്കും ശരീരത്തില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്ന ഏരിയായില്‍ ചെറിയ തോതില്‍ കഴപ്പും വേദനയും ആരംഭിച്ചു. നല്ല സ്മൂത്തായ സ്പോഞ്ച് കൊണ്ടുണ്ടാക്കിയ എന്റെ സൈക്കിള്‍ സീറ്റ് ഏറെക്കുറെ വെള്ളം നനഞ്ഞ് കട്ടയായിപ്പോയ സിമന്റ് ചാക്ക് പോലെയായി മാറി. ഇടതും വലതുമായുള്ള ചന്തിയുടെ പോര്‍ഷനുകള്‍ മാറി മാറി വച്ചും, സീറ്റില്‍ ഇരിക്കാതെയും ചവിട്ടി ചവിട്ടി, അങ്ങിനെ അവസാനം ഒരുകണക്കിന്‌ പീച്ചിയിലെത്തി.

അവിടെ ഇരിക്കാന്‍ പറ്റിയ ഒരു മരത്തണലിലിരുന്ന് വീട്ടില്‍ നിന്ന് ഇലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന ചോറും അച്ചാറും മൊട്ടപൊരിച്ചതും കഴിച്ചു.

ടോണി പറഞ്ഞ സിങ്കപ്പൂര്‍ കഥകള്‍ കേട്ട്‌ ജീപ്പില്‍ എസ്കോട്ടായി വന്ന കൂട്ടത്തിലെ പെണ്‍കുട്ടികളും ടീച്ചര്‍മ്മാരും മാഷന്മാരും ആത്മാഭിമാനമില്ലാത്ത ആണ്‍പടയും അവന്റെ ഫാനുകളായി മാറി. ലൗ ഇന്‍ സിങ്കപ്പൂരില്‍ ജയന്‍, ‘ചാം ചച്ചം ചൂം ചച്ച. ചുമര്‌ ചച്ച. ചാ..’ പാടി ഡാന്‍സുകളിച്ചത്‌ അവന്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയാലാണെന്ന് വരെ ആ സാമദ്രോഹി പറഞ്ഞ്‌ വിശ്വസിപ്പിച്ചുകളഞ്ഞു. വൃത്തികെട്ടവന്‍!

അങ്ങിനെ ചോറൂണ്‌ കഴിഞ്ഞപ്പോഴാണ്‌ ജോര്‍ജ്ജ്‌ മാഷ്‌ പറയുന്നത്‌… ഇവിടെ വിശാലമായ ഒരു സ്വിമ്മിംഗ്‌ പൂളുണ്ട്‌. നീന്തലറിയുന്നവര്‍ക്ക്‌ കുളിക്കാം. ചാടാം. മറിയാം.

അത്‌ കേട്ട്‌ ഞങ്ങള്‍ ഒന്നുണര്‍ന്നു. കാരണം കൊടകരത്തോട്ടിലെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി കിട്ടിയതില്‍ ഞങ്ങള്‍ മതി മറന്നു. ടോണിയെ മലര്‍ത്തിയടിക്കാമെന്നും മോഹിച്ചു.

വിധി അവിടെയും ഞങ്ങളെ തളര്‍ത്തി.

സ്വിമ്മിങ്ങ്‌ പൂളില്‍ ചാടണമെങ്കില്‍ മീറ്റിന്‌ ചാടുമ്പോലെ മുകളില്‍ ഒരു ബാറില്‍ നിന്ന് ചാടണം. സംഗതി കൊള്ളാം. പക്ഷെ, അവിടെ കയറി നിന്നാല്‍ പുറമേ വണ്ടിയിലിരിക്കുന്ന പെണ്‍പിള്ളാര്‍ക്ക്‌ ഒരു ലുക്ക്‌ കിട്ടാന്‍ ചാന്‍സില്ലേ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി.

മുകളില്‍ നിന്ന് ചാടാന്‍ ആദ്യമായി പാന്റ്‌ ഊരിയത്‌ പള്ളന്‍ സന്തോഷായിരുന്നു.

പാന്റൂരി ജട്ടി മാത്രമിട്ട്‌ നില്‍ക്കുന്ന പള്ളനെ കണ്ട്‌ ഞാനടക്കമുള്ളവര്‍ ഊരിത്തുടങ്ങിയ പാന്റ്സുകള്‍ വീണ്ടു യഥാസ്ഥാനത്തേക്ക്‌ വലിച്ച് കയറ്റി. കാരണം, ഷഡി മാത്രമിട്ട്‌ അവന്റെ ആ നില്‍പ്‌ ഒന്ന് കാണേണ്ടതായിരുന്നു. പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വരുത്തുന്ന നില്‍പ്പ്. അയ്യയ്യേ!! എന്തൊരു വൃത്തികെട്ട ലുക്ക്‌!!

എനിക്കാണെങ്കില്‍, ചെറുപ്പക്കാലം മുതലേ നമ്മള്‍ വളരുകയണ്‌ എന്ന കാരണം പറഞ്ഞ്‌, നമ്മുടെ അളവിന്‌ ഒന്നും വാങ്ങിയ ചരിത്രമില്ല. ചെരുപ്പാണെങ്കിലും ഷര്‍ട്ടാണെങ്കിലും പാന്റാണെങ്കിലും ഒരു അളവ്‌ കൂടുതലേ വാങ്ങി ശീലമുള്ളൂ! ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ജട്ടിയുടെ കാര്യത്തിലും ആ പതിവ്‌ തുടര്‍ന്നു പോന്നിരുന്നു. (ഇപ്പോള്‍ അങ്ങിനയല്ല!)

നമ്മുടെ കഷ്ടകാലത്തിന്‌ ചാടാന്‍ കുതിക്കുമ്പോഴോ, കറങ്ങുമ്പോഴോ സംഭവം താഴേക്ക്‌ പോന്നാല്‍ എന്തായിരിക്കും അവസ്ഥ!

വേണ്ട. റിസ്കെടുക്കേണ്ട എന്റെ തീരുമാനത്തില്‍ “എന്നെ കൊന്നാലും ഞാന്‍ പൂളീലേക്കിറങ്ങില്ല” എന്ന നിലപാടിലെ ഗുണവശം കണ്ട്‌ പലരും ഒറ്റക്കെട്ടായി ഇതേ തീരുമാനത്തോട്‌ ചേര്‍ന്ന് നിന്നു.

ടോണീ അവിടേയും സ്കോര്‍ ചെയ്തു.

വെളുവെളുത്ത ടോണി, വയര്‍ കുറഞ്ഞ ടോണി, വി.ഐ.പി. ഫ്രഞ്ചിയുടെ പരസ്യമോഡലിനേ പോലെ മുകളിക്ക്‌ കയറിപ്പോയപ്പോള്‍… അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

അങ്ങിനെ സ്വിമ്മിങ്ങ്‌ പൂളിന്റെ ബാറില്‍ ഓളിമ്പിക്സിന്‌ ചാടാന്‍ നില്‍ക്കുന്ന റഷ്യക്കാരന്റെ പോലെ ടോണി നിന്നു.

അവന്റെ കായിക പ്രകടനവും കൂടി കാണാന്‍ ശേഷിയില്ലാതെ ഞാന്‍ പറഞ്ഞു.

‘മുത്തപ്പാ നീയിത്‌ കാണുന്നില്ലേ?’

ബാറില്‍ നിന്ന് പിക്കപ്പ്‌ കിട്ടാന്‍ ടോണി മൂന്ന് വട്ടം മുകളിലേക്ക്‌ ചാടി. കറങ്ങി കറങ്ങി ചാടാന്‍ പ്ലാനിട്ട്‌ ചാടിയ ടോണി പക്ഷെ, താഴേക്ക്‌ പോന്നത്‌, ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ്‌ ചട്ടി വരുന്ന പോലെയായിരുന്നു.

പിന്നെ “പഢക്കോം” എന്നൊരു ശബ്ദത്തോടെ നെഞ്ച്‌ തല്ലി പൂളിലെ വെള്ളത്തിലേക്കൊരു വീഴ്ചയായിരുന്നു. പാവം!

ആ ക്രാഷ് ലാന്റിങ്ങില്‍ നെഞ്ച് കലങ്ങി പോയ, ശരീരം മൊത്തം പൂവന്‍ കോഴിയുടെ തലപ്പൂവിന്റെ നിറമായ പാവം ടോണി, പിന്നെ അന്നത്തെ ദിവസം സിങ്കപ്പൂര്‍ വിശേഷമോ മറ്റിതര വര്‍ത്താനമോ ആരോടും പറഞ്ഞില്ല. സൈക്കിളും ചവിട്ടിയില്ല. വളരെ ശാന്തനായി ജീപ്പിലിരുന്ന് നല്ല കുട്ടിയായി അടങ്ങിയൊതുങ്ങി തിരിച്ച് പോന്നു.

പീച്ചി‌-കൊടകര ഹൈവേയില്‍ വച്ച്, തിരിച്ച് വരുമ്പോള്‍ ലളിതാംബികയോട്‌ പറയാന്‍ കഴിയാതെ പോയേക്കുമെന്ന് കരുതിയ കഥകളുടെ പൊതിക്കെട്ട് അഴിക്കുന്ന നേരത്ത് ‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

“എന്നാലും എന്റെ മുത്തപ്പാ ഞാന്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല!”

Scridb filter