പപ്പേട്ടന് ഗർജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ് ആളുടെ ഭാര്യയുടെ അഭിപ്രായം.
പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത് ഒരിക്കൽ പോലും ആ സിഹം ഗർജ്ജിക്കാൻ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും നാട്ടിലില്ലാതിരുന്നതും നാട്ടുകാർ ഗർജ്ജനത്തെക്കുറിച്ചറിയതെപോയതിന് ഒരു പ്രധാന കാരണമാണ്.
എട്ടാം ക്ലാസിൽ വീണ്ടും തോൽക്കാൻ നിൽക്കാതെ, അന്നത്തെക്കാലത്തെ പുറപ്പെട്ടോടുന്നവരുടെ എക്സ്‌ക്ലൂസീവ് ഡെസ്റ്റിനേഷനായ മദ്രാസിലേക്ക് കള്ളവണ്ടി കേറി ഒറ്റപ്പ്പോക്കല്ലായിരുന്നോ!വില്ലിവാക്കത്ത് ചാമിക്കുട്ടിയെന്ന് പേരായ ഒരു പാണ്ടിയുടെ കൂടെ നിന്നാണ് തുന്നൽ പണി പഠിച്ചത്. അവിടെനിന്ന് പിന്നെ ഡെൽഹിയിൽ, കൽക്കട്ടയിൽ, ബോബെയിൽ…അങ്ങിനെയങ്ങിനെ…. ഇന്ത്യാമഹാരാജ്യം മൊത്തം ആൾ കറങ്ങി.
കുറെയധികം കൊല്ലങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നൂ കൊടകരക്കാർക്ക്, വീണ്ടും മുഖധാവില്‍ മൂപരെയൊന്ന് കാണാന്‍ . തറവാട് ഭാഗം വക്കാൻ നേരം എങ്ങിനെയോ, ആരോ പറഞ്ഞറിഞ്ഞ്, തന്റെ പെറ്റുവളർന്ന കുടിയിലേക്ക് വന്നപ്പോൾ ബോബെയിൽ നിന്ന് കെട്ടിയ മഹാരാഷ്ട്രക്കാരി മിന്നുവും പിന്നെ, ഒമ്പത് വയ്സായ മകളും കൂട്ടിനുണ്ടായിരുന്നു.
പോയിടത്തെല്ലാം രാജാവിനെപ്പോലെയാണത്രേ ജീവിച്ചത്. ധർമ്മക്കാരനെപ്പോലെ മരിക്കാതിരിക്കാനായിട്ടായിരിക്കണം നാട്ടിലേക്ക് മടങ്ങിയതെന്ന് ജനം അടക്കം പറഞ്ഞു. പപ്പേട്ടന്റെ ജോലിയെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ഓ, ആൾ വല്ലാതെയങ്ങ് വാചാലനായിപ്പോകും; പാമ്പുഗുളിക കത്തിച്ചപോലെ.
മദ്രാസിലായിരുന്നപ്പോൾ എം.ജി.ആറിന്റെ ഭാര്യയുടെ ജാക്കറ്റ് സ്ഥിരമായി തച്ചിരുന്ന ആ അരവി തമ്പി യാര്?
പപ്പേട്ടൻ.!
അങ്ങ് ഡെൽഹിയിലെത്തിയപ്പോൾ ഫ്രൻസ് ടൈലേഷ്സിൽ വച്ച് സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ ജാക്കറ്റടിച്ചിരുന്ന പപ്പു ബായി കോൻ?
ഓർ കോൻ? അതും പപ്പേട്ടൻ
‘നീ ഇപ്പറയുന്നതൊക്കെ നേരാണോ എന്റെ പപ്പൂ’ എന്ന ചോദ്യത്തെ ചൊടിച്ചുകൊണ്ടിങ്ങനെ അദ്ദേഹം അതിശക്തമായി നേരിട്ടു.
“സംശയമുണ്ടെങ്കിൽ ഇന്ദിരാഗാന്ധിയുടെ ജാക്കറ്റിന്റെ പിൻഭാഗം ഒന്ന് പൊക്കി നോക്ക്.! ഫ്രണ്ട്സ് ടൈലേഴ്സിന്റെ സ്റ്റിക്കർ ഉണ്ടോന്ന്?”
വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു തെളിവെടുപ്പ്. പ്രധാനമന്ത്രിയുടെ പിന്നിൽ കൂളിങ്ങ് ഗ്ലാസ്സുവച്ച്‌നിൽക്കുന്ന സഫാരി സ്യൂട്ടിട്ട ഗണ്മാന്റെ വെടിയുണ്ട തിരുനെറ്റിയിൽ കൂടെ ഊളാക്കുകുത്തി പോകുന്നത് സങ്കൽപ്പിക്കാൻ പോലും ശക്തിയില്ലാത്ത നാട്ടുകാർ കൂടുതൽ ക്ലാരിഫിക്കേഷന് നിന്നില്ല.
ഗഡി, അടിപ്പാവാട തയ്ച്ചുകൊടുക്കാഞ്ഞിരുന്നത് എന്തായാലും ഭാഗ്യായി. അല്ലെങ്കിൽ….
ആക്ച്വലി, അണ്ണാച്ചിയുടെ പോക്കറ്റടിച്ചാണ് മദ്രാസിൽ നിന്ന് മുങ്ങിയെന്നും , ജീവിതയാത്രയിൽ പലരുടെയും മറ്റുപലതുമടിച്ചെന്നും അവസാനം സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ട് തെറിക്കുകയായിരുന്നെന്നുമെല്ലാം എന്തായാലും പിൽക്കാലത്ത് നാട്ടിലെ ബാർബർ ഷണുമുഖനും കല്യാണിവേലത്തിയും ബി.ബി.സി. ഭാസ്കരേട്ടനും നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞു.
കൊടകര തുടങ്ങിയ ഫ്രൻസ് ടൈലേഴ്സിന്റെ ഫ്രാഞ്ചൈസിയുമായി മുന്നോട്ട് പോകുമ്പാഴായിരുന്നു, ആളുടെ മുൻപിൽ ദൈവം വിസയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം ദൈവത്തിനെ പ്രകീർത്തിച്ചുകൊണ്ട്, ഏതോ നോട്ടീസ് അഞ്ഞൂറ് പേർക്ക് വിതരണം ചെയ്തതിന് കിട്ടിയ ഫലമാണോ എന്നറിയില്ല…!
വരുമാനക്കണക്കിൽ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ആൾക്കും വീട്ടുകാർക്കും നാട്ടുകാരുടെയിടയിലെ ഇമേജിന് കാര്യമായ മാറ്റം വന്നു. ബോബെയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ‘എവിട്യാർന്നൂറാ നീ’ എന്ന പുശ്ചത്തിന്റെ ആറ്റങ്ങൾ കലർന്ന ആ ഒറ്റ ചോദ്യത്തിൽ നിന്ന്, സ്നേഹബഹുമാനങ്ങളിൽ മുങ്ങിക്കുതിർന്ന ‘എന്നാ വന്നത്? ഇനി എന്നാ തിരിച്ച്?’ എന്ന ‘ഇരട്ട’ ചോദ്യത്തിലേക്ക് മാറിയ നാട്ടുകാരുടെ മനോഭാവം അരവിന്ദേട്ടനെ മരണം വരെ ഗൾഫുകാരനായി തുടരാൻ പ്രേരിപ്പിച്ചു. ഇരുപത്തിരണ്ട് മാസങ്ങൾ കഴിയുമ്പോൾ രണ്ടുമാസം ഭാര്യക്കും കുട്ടികൾക്കും നാട്ടുകാർക്കുമൊത്തുള്ള ജീവിതത്തിനായി മാറ്റി വച്ച് സന്തോഷത്തോടെ കുബൂസിന്റെയും ചിക്കൻ ചുക്കയുടേയും ദാലിന്റെ ദഹിയുടെയും ഇടയിൽ ഒട്ടും നഷ്ടബോധമില്ലാതെ തന്നെ അരവിയേട്ടൻ ജീവിച്ചു. മാസാവസാനം ഡി.ഡി. കളെടുത്ത് നാട്ടിലേക്കയച്ച് കൌണ്ടർ ഫോയിലുകൾ കൂട്ടി നോക്കി സായൂജ്യമടഞ്ഞു.
അപ്പോഴും ഗർജ്ജിക്കുന്ന സിംഹമെന്ന വിശേഷണം സ്വന്തം വീട്ടുകാർക്ക്, പ്രത്യേകിച്ച് തന്റെ ഭർത്താവിനോടും മകനോടും തോന്നുന്ന വെറും തോന്നൽ മാത്രമാണെന്ന ജനത്തിന്റെ വിശ്വസം തകർക്കപ്പിട്ടിരുന്നില്ല.
ഒരിക്കൽ ലീവിന് വന്ന് പോയിട്ട് മൂന്നു മാസമ്പോലുമായിരുന്നില്ല, പെട്ടെന്ന് അമ്മക്കൊരു തളർച്ച, അറിയിക്കേണ്ടവരെ അറിയിച്ചോളാൻ ഡോക്ടർ അറിയിച്ചതിന് തുടന്ന് മാതൃസ്നേഹം അധികം അനുഭവിക്കാൻ യോഗമില്ലാതിരുന്ന അദ്ദേഹം തിടുക്കത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
സുഹൃത്ത് ആനന്ദനായിരുന്നു കോഴിക്കോട് വഴി അഞ്ചുകിലോ സ്വർണ്ണം വഹിച്ചാൽ ഒരു വൺവേ ടിക്കറ്റ് ഫ്രീ കിട്ടുന്ന സ്പെഷൽ സ്കീമിനെക്കുറിച്ചാളോട് പറഞ്ഞത്.കേട്ടപ്പോൾ പേടിയും പിന്നെപ്പിന്നെ, എല്ലാവർക്കുമാകാമെങ്കിൽ….എന്തൊകൊണ്ട്…എന്ന് സമാധാനിച്ച്, അങ്ങിനെ ടിക്കറ്റിന്റെ പൈസ ലാഭിച്ച് അഞ്ചുകിലോ വി.ഐ.പി. ലഗേജുമായി അദ്ദേഹം കോഴിക്കോട്ടിറങ്ങി.
പറഞ്ഞേൽപിച്ച പോലെ എയർപോർട്ടിൽ അദ്ദേഹത്തെ കാത്തുനിന്ന വ്യക്തിക്ക് പെട്ടി കൈമാറുമ്പോൾ നേരിയ ഒരു സംശയം മനസ്സിൽ തോന്നത്തക്ക ഒരു വിശേഷം ഉണ്ടായിരുന്നു. ആളുടെ സ്പെസിഫിക്കേഷൻ കേട്ടപ്പോൾ മനസ്സിൽ തോന്നിയ രൂപം സിലോൺ മനോഹറിന്റേതായിരുന്നുവെങ്കിലും പെട്ടികൊടുത്തത് ടീ ഷർട്ടിട്ട ചുരുണ്ടമുടിയുള്ള ഒരു സാദാ മലയാളിക്കായിരുന്നു.ബാക്കിയെല്ലാം പറഞ്ഞപോലെയായിരുന്നതുകൊണ്ട്, തോന്നലിന് വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി, അമ്മയെക്കാണാനുള്ള ധൃതിയിൽ പെട്ടെന്ന് തന്നെ അദ്ദേഹം കൊടകരക്ക് പോയി.
ലാന്റ് ചെയ്ത ദിവസം എലൈറ്റ് ഹോസ്പിറ്റലിൽ അമ്മക്ക് കൂട്ട് കിടന്ന പപ്പേട്ടന്‍ പിറ്റേന്ന് ഉച്ചയോടെയായിരുന്നു വീട്ടിലെത്തിയത്. കുളികഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴാണ് ഭാര്യ ആ കാര്യം പറഞ്ഞത്.
‘ഇന്നലെ ഉച്ചതിരിഞ്ഞ്, ഷാർജ്ജയിൽ നിന്ന് വന്ന പപ്പന്റെ വീടിതല്ലേ എന്ന് ചോദിച്ച് ഒരു വെള്ളകാറിൽ 3 ആൾക്കാർ വന്നിരുന്നു. ‘
ചോറുണ്ണൽ നിറുത്തി ആദികലർന്ന സ്വരത്തിൽ പപ്പേട്ടന്‍ ചോദിച്ചു:
ആര് വന്നൂന്ന്? എന്തുകാര്യത്തിന്?
ഓ! ചേട്ടൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോ, എന്നാൽ നാളെവരാമെന്ന് പറഞ്ഞ് അപ്പോൾ തന്നെ പോയി. എന്തായാലും ഇവിടെയടുത്തുള്ള ആൾക്കാരല്ല, തിരിച്ച് കാറിൽ കയറാൻ നേരം കറുത്ത് ചുരുണ്ടമുടിക്കാരനായ ഒരു ഉണ്ടൻ മറ്റുള്ളവരോട് ‘ആളെ നമുക്ക് നാളെ പിടിക്കാം’ എന്നുപറഞ്ഞത് കേട്ടു.
ആറുലക്ഷം ഉടമ്പുഞ്ഞരമ്പുകളും മൊത്തത്തിൽ കോച്ചിവലിക്കണപോലെത്തോന്നിയ ആ സമയത്ത് പപ്പേട്ടന്‍ ഇന്നസെന്റ് സ്റ്റൈലിൽ സ്വയം ചോദിച്ചു.
“അപ്പോ പെട്ടി കൊടുത്ത ആൾ മാറി ല്ലേ..?’
സന്ധ്യക്ക് ആശുപത്രിയിലേക്ക് പോയ ചുള്ളനെ, അമ്മയുടെ അസുഖത്തെക്കാളും പീഢിപ്പിച്ചത് അഞ്ചുകിലോ സ്വർണ്ണം എവിടന്നുണ്ടാക്കുമെന്ന ചിന്തയായിരുന്നു.
എങ്ങിനെയൊക്കെ സമാധാനിച്ചിട്ടും ആ ദിവസം ഒരു വറ്റ് ചോറ് കഴിക്കാനോ ഒരു പോള കണ്ണടക്കാനോ പറ്റിയില്ല. കണ്ണടച്ചാൽ സിലോൺ മനോഹർ ‘തടവറ’ യിലെ പോലെ അട്ടഹസിച്ചുകൊണ്ട് ‘എവിടെടാ എന്റെ പെട്ടി’ എന്ന് ചോദിച്ചു. പിന്നെ എങ്ങിനെ….
പിറ്റേന്ന് രാവിലെ തന്നെ ജാതിമതഭേദമന്യേ സകലമാന ദൈവങ്ങള്‍ക്കും മുത്തപ്പ്ന്മാര്‍ക്കും മുത്തികള്‍ക്കും ആയിരക്കണക്കിന് രൂപക്കുള്ള ചില്ലറയും പാട്ടക്കണക്കിന് എണ്ണയും നേര്‍ന്ന പ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിൽ, വീട്ടിലേക്ക് തിരിച്ചു.
വീട്ടിന് മുൻപിലെ വെള്ളകാറ് അകലെനിന്ന് കാണുമാറായതുമുതലേ തന്നെ അദ്ദേഹം, കണ്ട്രോൾ റൂം ബന്ധം വിശ്ചേദിക്കപ്പെട്ട ഫ്ലൈറ്റുപോലെയായി മാറിയിരുന്നു.
വസന്ത പിടിച്ച കോഴിയേപ്പോലെ വീട്ടിലേക്ക് വന്ന പപ്പേട്ടന് ഷേയ്ക്ക് ഹാന്റ് കൊടുത്തുകൊണ്ട്,
അപരിചിതരിലൊരുവൻ ഇങ്ങിനെ പറഞ്ഞു.
“ഞാൻ സുകുമാരൻ, ഷാർജ്ജയിലെ ആനന്ദന്റെ അളിയൻ. എൽ.ഐ.സി. ഏജന്റാണ്. കഴിഞ്ഞകൊല്ലം കോടിപതിയായിരുന്നു. ഇവർ ഫീൽഡ് ഓഫീസർമാരാണ്. മിനിമം ഒരു പത്തുലക്ഷത്തിന്റെയെങ്കിലും മണി ബാക്ക് പോളിസി അരവിന്ദേട്ടനെക്കൊണ്ടെടുപ്പിച്ചോളാൻ അളിയൻ പറഞ്ഞിട്ടുണ്ട്”
പിന്നെയവിടെ നടന്നത് ഒരു ഗർജ്ജനം തന്നെയായിരുന്നു.
രൌദ്രഭാവം പൂണ്ട കഥകളിക്കാരെപ്പോലെയായ പപ്പേട്ടന്‍ തമിഴ്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ അതിഭയങ്കരമായ തെറികൾക്കിടയിലുള്ള ഗ്യാപ്പിലിങ്ങനെ പറഞ്ഞു:
‘നിന്നെയൊക്കെ പാമ്പുകടിച്ച് പണ്ടാരമടങ്ങാനായിട്ട് ഇതൊന്ന് ഇന്നലെത്തന്നെ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ….രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ ബാക്കിയൊള്ളോൻ ഈ നിമിഷം വരെ മനസ്സമാധാനത്തോടെ എന്തെങ്കിലും തിന്നുകയോ മര്യാദക്കൊന്ന് ഉറങ്ങുകയോ ചെയ്തിട്ടില്ലടാ.. നിന്റെ അപ്പാപ്പന്റെ മണി ബാക്ക്’”
Scridb filter